Saturday, 2 February 2013

ധര്‍മപദം


ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും വിലമതിക്കുന്ന പുസ്തകം ഒരുപക്ഷെ ബുദ്ധന്‍റെ ധര്‍മപദമാണ്. ജീവിതത്തെ പുതിയൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ ഈ പുസ്തകം എന്നെ സഹായിച്ചു. ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം പരമാവധി ഹാപ്പിയായി ജീവിക്കുക എന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നും എപ്പോഴും ഹാപ്പിയായി ജീവിക്കുവാന്‍ ചില പൊടിക്കൈകള്‍ ഈ പുസ്തകത്തിലൂടെ ബുദ്ധന്‍  നമുക്ക് പറഞ്ഞുതരുന്നു.

ഒട്ടേറെ തര്‍ജമകള്‍ ലഭ്യമാണെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടത് Thomas Byrom തര്‍ജമ ചെയ്ത ഇംഗ്ലീഷ് പതിപ്പാണ്‌,.. ലളിതം. സുന്ദരം

ഒന്നാമദ്ധ്യായം ചര്‍ച്ച ചെയ്യുന്നത് തിരഞ്ഞെടുക്കലുകളെക്കുറിച്ചാണ്. ഏതുതരത്തിലുള്ള തിരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നതെന്ന് വഴിയെ മനസ്സിലാകും.

We are what we think.
All that we are arises with our thoughts.
With our thoughts we make the world.

നമ്മുടെ ചിന്തകളാണ് നാം. ഞാനൊരു ഹിന്ദുവാണെന്ന് ചിന്തിച്ചാല്‍ ഞാനൊരു ഹിന്ദുവാകും. ഞാനൊരു മുസ്ലീം ആണെന്ന് ചിന്തിച്ചാല്‍ ഞാനൊരു മുസ്ലീം ആകും. ഞാനൊരു ക്രിസ്ത്യന്‍ ആണെന്ന് ചിന്തിച്ചാല്‍ ഞാനൊരു ക്രിസ്ത്യന്‍ ആകും. ഞാനൊരു മനുഷ്യനാണെന്നു ചിന്തിച്ചാല്‍ ഞാനൊരു മനുഷ്യനുമാകും. നമ്മുടെ ചിന്തകളിലൂടെ നാം നമ്മുടെ ലോകം കരുപ്പിടിപ്പിക്കുന്നു. ആ ലോകത്തിന്‍റെ വലിപ്പവും ചെറുപ്പവുമൊക്കെ നാം എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.      

Speak or act with an impure mind
And trouble will follow you
As the wheel follows the ox that draws the cart.

Speak or act with a pure mind
And happiness will follow you
As your shadow, unshakable.

അശുദ്ധമായ ചിന്തകള്‍ എന്നതുകൊണ്ട് ബുദ്ധന്‍ ഉദ്ദേശിക്കുന്നത് പക, വെറുപ്പ്, അസൂയ തുടങ്ങിയ ഹീനചിന്തകളാണ്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ഇത്തരം ഹീനചിന്തകളില്‍ ഉടലെടുത്തതാണെങ്കില്‍  തിരിച്ച് എട്ടിന്‍റെ പണികിട്ടും. സംശയമുള്ളവര്‍ക്ക് സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.  അതേ സമയം കാര്‍മേഘങ്ങള്‍ നീങ്ങിയ നീലാകാശം പോലെ ഈ ദുഷ്ടചിന്തകളില്‍ നിന്നും മോക്ഷപ്രാപ്തി നേടിയ മനസ്സില്‍ നിന്നുടലെടുക്കുന്ന വാക്കുകളും പ്രവൃത്തികളും എന്നെന്നും സന്തോഷം കൊണ്ടുവരും.  നിഴല്‍ പോലെ സന്തോഷം എപ്പോഴും നമ്മുടെ കൂടെക്കാണും.          

"Look how he abused me and hurt me,
How he threw me down and robbed me."
Live with such thoughts and you live in hate.

"Look how he abused me and hurt me,
How he threw me down and robbed me."
Abandon such thoughts, and live in love.

ഇതാണ് അടുത്ത ടെക്നിക്ക്!. നമ്മെ മുറിപ്പെടുത്തുന്ന ചിന്തകള്‍ എത്രയും പെട്ടെന്ന് കയ്യൊഴിയുക. അവയെ  ക്ഷണിച്ചുവരുത്തി വിരുന്നുകൊടുത്താല്‍ ആര്‍ക്കുപോയി?

നമ്മുടെ ഹൃദയത്തില്‍ വിഷം നിറഞ്ഞ ഒരു അമ്പ് ആരോ എയ്തുതറച്ചു എന്ന് കരുതുക. നാം എന്ത് ചെയ്യണം? എത്രയും പെട്ടെന്ന് അതെടുത്തുകളയണം അല്ലെ? അതല്ലാതെ ആരാണ് ഇത് ചെയ്തത്? എന്തിനാണ് അയാള്‍ ഇത് ചെയ്തത്? ഞാന്‍ അയാളോട് എന്ത് തെറ്റാണ് ചെയ്തത്? എന്തിന് അയാള്‍ എന്നെത്തന്നെ ഉന്നംവച്ചു? അയാള്‍ക്ക് എന്തുകൊണ്ട് മറ്റാരെയെങ്കിലും ഉന്നം വച്ചുകൂടായിരുന്നു തുടങ്ങിയ മൂഡചിന്തകളില്‍   വിരാജിക്കുമോ? അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ജീവിക്കുക വെറുപ്പിലായിരിക്കും. ആദ്യമേ തന്നെ ആ അമ്പ് എടുത്തു കളയുകയാണെങ്കില്‍ നിങ്ങള്‍  സ്നേഹത്തോടെ  ജീവിക്കും. എത്തരത്തിലുള്ള ജീവിതമായിരിക്കും കൂടുതല്‍ സന്തോഷം പകര്‍ന്നുതരിക?    

In this world
Hate never yet dispelled hate.
Only love dispels hate.
This is the law,
Ancient and inexhaustible.

ഇതാണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍,. വിദ്വേഷം തന്നെ ഇരുളാണ്. ഇരുളുകൊണ്ട് ഇരുള്‍ മായ്ക്കുവാന്‍ കഴിയുമോ? അതിനു വെളിച്ചം വേണം. സ്നേഹം വെളിച്ചമാകുന്നു. ഇരുളിനെ വെളിച്ചം കൊണ്ട് ഇല്ലാതാക്കുക .      

You too shall pass away.
Knowing this, how can you quarrel?

വിശദീകരിക്കണോ?

How easily the wind overturns a frail tree.
Seek happiness in the senses,
Indulge in food and sleep,
And you too will be uprooted.
The wind cannot overturn a mountain.
Temptation cannot touch the man
Who is awake, strong and humble,
Who masters himself and minds the dharma.

വിഷയസുഖങ്ങളില്‍ അഭിരമിക്കുന്നവന്‍ ദുര്‍ബലമായ വൃക്ഷം പോലെയാണ്. ചെറിയ കാറ്റില്‍ അവന്‍ കടപുഴകി വീഴും. ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരുവന്‍, തന്‍റെ മനസ്സിന്‍റെ അടിമയല്ലാത്ത, അതിന്‍റെ ഉടമയായ ഒരുവന്‍., വിനീതന്‍, ശക്തന്‍, പ്രബുദ്ധന്‍, അവന്‍ പ്രലോഭനങ്ങളില്‍ മയങ്ങി വീഴുകയില്ല.      
വിഷയസുഖങ്ങള്‍ തേടിപ്പോകുന്നവന്‍ ഒരിക്കലും സംതൃപ്തനാകുകയില്ല. എത്ര കിട്ടിയാലും അവനു മതിവരികയില്ല. അവന്‍ കൂടുതല്‍ കൂടുതല്‍ കാംക്ഷിക്കുന്നു. ഫലമോ; ദുരിതം!. ആഗ്രഹങ്ങളത്രേ സമസ്തദുഖങ്ങള്‍ക്കും കാരണം.        

ഇവിടെയെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ബുദ്ധന്‍ ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല എന്നുള്ളതാണ്. ഇങ്ങനെയൊക്കെ ചെയ്‌താല്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് മാത്രമേ ബുദ്ധന്‍ പറയുന്നുള്ളൂ. എന്ത് ചെയ്യണം അല്ലെങ്കില്‍ എങ്ങനെ ചെയ്യണം എന്നൊക്കെ  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ കയ്യില്‍ തന്നെ.    

ബാക്കി നിങ്ങള്‍ വായിക്കുക. കഥ മുഴുവന്‍ ഞാന്‍  പറഞ്ഞു തന്നാല്‍ പിന്നെ സിനിമ കാണാന്‍ താല്പര്യം വരുമോ?  

2 comments:

  1. ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ കിട്ടുമോ?. ചില പരിഭാഷകൾ കണ്ടത് അത്ര ഭംഗിയായി തോന്നിയില്ല.പലരും ഹിന്ദു മതവുമായൊക്കെ താരതമ്യം ചെയ്യുന്നു. അങ്ങനെയല്ലാത്ത ഏതേലും മലയാളം പരിഭാഷ ഉണ്ടോ?

    ReplyDelete
  2. എനിക്കറിയില്ല

    ReplyDelete