ഒറ്റനോട്ടത്തില്‍ ഒരു വിരോധോഭാസമായി തോന്നാമിത്. ബുദ്ധനെ കണ്ടാല്‍ കൊല്ലുകയോ? അതും ബുദ്ധനെ ജീവന് തുല്യം സ്നേഹിക്കുന്നവര്‍!.,!!!
ഇവിടെ വഴിയും ബുദ്ധനും കണ്ടുമുട്ടലും കൊലപാതകവുമെല്ലാം പ്രതീകാത്മകമാണ്. വഴി എന്നത് ആത്മീയയാത്രയാകുന്നു. നമ്മുടെ ആത്മീയയാത്രയില്‍ ബുദ്ധന് എന്തുകാര്യം? അത് നമ്മുടെ സ്വകാര്യതയാണ് . ബുദ്ധനെപ്പോലെ ഒരു വ്യക്തി, അദ്ദേഹത്തിന്‍റെ കയ്യില്‍ നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുണ്ടായിരിയ്ക്കും. അങ്ങനെയിരിയ്ക്കേ ബുദ്ധനുമായുള്ള കണ്ടുമുട്ടല്‍ നമ്മുടെ ആത്മീയയാത്രയെ വഴിമുട്ടിക്കുകയെയുള്ളൂ. അനന്തരം നാം ബുദ്ധനെ പിന്തുടരുന്നു. അദ്ദേഹത്തിന്‍റെ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കുന്നു. എന്നാല്‍ നമ്മുടെ ഉത്തരങ്ങള്‍ സത്യസന്ധമാകണമെങ്കില്‍ ആ ഉത്തരങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തിയതായിരിയ്ക്കണം. സത്യം കൈമാറപ്പെടുമ്പോള്‍ അത് നുണയായി മാറുന്നു.
വഴിയില്‍ നാം കണ്ടുമുട്ടുന്നത് സത്യത്തില്‍ ബുദ്ധനെയല്ല. ബുദ്ധന്‍റെ പ്രതിരൂപത്തെയാണ്. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തില്‍ ഒരു പ്രതിരൂപവും പ്രതിബന്ധമായിത്തീരരുത് . അതിനെ കൊല്ലുക. മനസ്സില്‍ നാമൊരു പ്രതിരൂപത്തെ താലോലിക്കുന്നിടത്തോളം 'നാം' എന്ന യാദാര്‍ഥ്യത്തെ നാം തിരിച്ചറിയാതെ പോകുന്നു. നമ്മുടെ ഉള്ളിലേയ്ക്കു നോക്കാതെ പുറത്തെയ്ക്കാണ് നാം നോക്കുന്നത്. അവിടെ ബുദ്ധനില്‍ നിന്നും നാം അകന്നുപോകുകയാണ് ചെയ്യുന്നത്. ബുദ്ധന്‍ എന്നത് ഒരു വ്യക്തിയല്ല. അതൊരു ഗുണമാകുന്നു. സ്വയം അറിയുന്നവനാണ് ബുദ്ധന്‍.
ആരെയും പിന്തുടരാതിരിയ്ക്കുക എന്ന സന്ദേശമാണ് ലിന്‍-ചി ഈയൊരു പ്രസ്താവനയിലൂടെ നമുക്ക് പകര്‍ന്നു തരുന്നത്. ബുദ്ധനെപ്പോലും പിന്തുടരാതിരിയ്ക്കുക. ബുദ്ധനെ പിന്തുടരുന്നവര്‍ ബുദ്ധനില്‍ നിന്നും അകന്നുപോകുകയാണ്. സ്വയം ഒരു ബുദ്ധനാകുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. നാമെല്ലാവരും ബോധിസത്വന്‍മാരാണ്. ബോധിസത്വന്‍ എന്ന് വച്ചാല്‍ ബുദ്ധനാകാന്‍ ശേഷിയുള്ളവന്‍.
നമ്മുടെ ശേഷികളെ അതിന്‍റെ പൂര്‍ണതയിലേയ്ക്ക് വളര്‍ത്തിയെടുക്കുക. സ്വയമേവ ഒരു ദീപമാകുക. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുക. പ്രപഞ്ചത്തിനാകെ അനുഗ്രഹമായിത്തീരുക . ഇത്രയൊക്കെയാണ് ബുദ്ധനു നമ്മോടു പറയുവാനുള്ളത്.
ഞാനും ബുദ്ധദർശനങ്ങളെ വില മതിയ്ക്കുന്നു.
ReplyDelete