![]() |
| ഭഗവാന്‍ ശ്രീബുദ്ധന്‍ |
എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും,"എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല!!!".
ആരാണ് ബെസ്റ്റ് ഫ്രണ്ട്? എപ്പോഴും നമ്മുടെ കൂടെ നടക്കുന്നവന്‍..,... എന്ത് സഹായത്തിനും ഏത് സമയത്തും ആശ്രയിക്കാവുന്നവന്‍.,... നമ്മുടെ പുളിച്ച ഫിലോസഫി കേള്‍ക്കാന്‍ കാതുതരുന്നവന്‍.,..തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ ഒരു കൈത്താങ്ങാകുന്നവന്‍,.. അങ്ങനെയങ്ങനെ നീളുന്നു ഒരു ബെസ്റ്റ് ഫ്രണ്ടിനു വേണ്ട ഗുണവിശേഷങ്ങള്‍ ...
എന്നാല്‍ ബെസ്റ്റ് ഫ്രണ്ട് എന്നത് സത്യത്തില്‍ നമ്മുടെ അത്യാഗ്രഹവും സ്വാര്‍ത്ഥതയുമാണ്.,. മേല്‍പറഞ്ഞ നമ്മുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍കരിക്കുന്നവനാരോ അവനാണ് നമ്മുടെ ബെസ്റ്റ് ഫ്രണ്ട്. നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്തവന്‍ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആകാത്തത് അതുകൊണ്ടാണ്. നമ്മെ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് കാണുന്നതും ഇതേ കണ്ണിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു Give and Take Relationship ആണ് സൗഹൃദം . "നീയെന്നോട് കൂറുള്ളവനായി തുടരുന്ന കാലമത്രയും ഞാന്‍ നിന്നോട് കൂറുള്ളവനായിരിക്കും" എന്ന ഒരു 'അലിഖിത നിയമം ' സൗഹൃദത്തിനു പിറകില്‍ ഉണ്ട്.
ഈ അലിഖിത നിയമം ലംഘിക്കപ്പെടുന്ന മാത്രയില്‍. സൗഹൃദം ഉലയുന്നു. പിന്നെ പരാതികളായി, പരിഭവങ്ങളായി...ചിലപ്പോള്‍ പരിഭവങ്ങള്‍ മറന്ന് അത് വീണ്ടും ഒന്നിക്കുന്നു, ചിലപ്പോള്‍ എന്നെന്നേയ്ക്കുമായി തകരുന്നു. കൂട്ടിചേര്‍ക്കപ്പെട്ട സൗഹൃദം പഴയ കരാറിന്‍റെ പുതുക്കല്‍ മാത്രമാണ്. അതെപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാം...തകര്‍ച്ചകള്‍ ആവര്‍ത്തിക്കാം...
ബോധപ്രാപ്തനായ ഒരു വ്യക്തിയ്ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ എന്ന ഒരു ശിഷ്യന്‍റെ ചോദ്യത്തിന് ഭഗവാന്‍ ശ്രീബുദ്ധന്‍ നല്‍കിയ മറുപടി "ഇല്ല" എന്നായിരുന്നു. 'ലോകം മുഴുവനും അയാളുടെ സുഹൃത്തുക്കള്‍ ആയിരിയ്ക്കും' എന്ന മറുപടി ബുദ്ധനില്‍ നിന്ന് പ്രതീക്ഷിച്ച ശിഷ്യനെ സ്തബ്ധനാക്കിക്കളഞ്ഞു ഈ മറുപടി.
ശ്രീബുദ്ധന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സൗഹൃദം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പാണ്. സൗഹൃദത്തില്‍ നാം ഉള്‍ക്കൊള്ളിക്കുന്നവരെക്കാള്‍ കൂടുതല്‍ പേരെ നാം പുറത്താക്കുന്നുണ്ട്. മാത്രമല്ല ഒരു സുഹൃത്തിനു മാത്രമേ നമ്മുടെ ശത്രുവാകാന്‍ കഴിയൂ. അപരിചിതര്‍ നമ്മുടെ ശത്രുക്കളാകുന്നില്ല. അതിനാല്‍ തന്നെ അവരിരുവരും ഒരുമിച്ചു വരുന്നവരാണ്. സുഹൃത്തുക്കളില്ലെങ്കില്‍ നമുക്ക് ശത്രുക്കളുമില്ല.
ശ്രീബുദ്ധന്‍ സൗഹൃദത്തിനെതിരാണ് എന്നല്ല ഇതിനര്‍ത്ഥം. പ്രജ്ജ്വലമായ ഒരു ദീപം പോലെയാകണം നമ്മുടെ സൗഹൃദം എന്നാണ് ശ്രീബുദ്ധന്‍ പറയുന്നത്. ദീപം അതിനു ചുറ്റും പ്രകാശം പരത്തുന്നു. അതിനു പക്ഷപാതമില്ല. മേശയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ അല്ലെങ്കില്‍ കസേരയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ എന്ന് ദീപം പറയുന്നില്ല. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. അത് ഒന്നില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. അവിടെ Giving മാത്രമേയുള്ളൂ. അതിന്‍റെ പ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നു. ഇത്തരത്തില്‍ നിരുപാധികമായ സ്നേഹത്തില്‍ അധിഷ്ടിതമാകണം സൗഹൃദം അല്ലാതെ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് മുകളില്‍ കെട്ടിപ്പടുത്ത ഒരു ചില്ലുകൊട്ടാരമാകരുത് അത് എന്ന് ശ്രീബുദ്ധന്‍ ഓര്‍മിപ്പിക്കുന്നു.
മാനവികതയ്ക്ക് ശ്രീബുദ്ധന്‍ നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ആണ്.

No comments:
Post a Comment