'ഉത്തരം പറയുന്നതിനുമുന്‍പ് ഞാനൊരു ചോദ്യം തിരിച്ചുചോദിച്ചോട്ടെ?' ബുദ്ധന്‍ പറഞ്ഞു; 'ഏതാണ് നല്ലത്? അവളെ തിരയുന്നതോ അതോ നിങ്ങളെത്തന്നെ തിരയുന്നതോ?'
തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം യുവാക്കളില്‍ ആശ്ച്ചര്യമുളവാക്കി. 'നിങ്ങളെ തിരയുക എന്നതുകൊണ്ട് എന്താണ് അങ്ങ് അര്‍ത്ഥമാക്കുന്നത്?', ഒരുവന്‍ ചോദിച്ചു. അവരോടെല്ലാം അവിടെ ആസനസ്ഥരാകാന്‍ അപേക്ഷിച്ചശേഷം ബുദ്ധന്‍ തുടര്‍ന്നു.
'നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. കത്തിജ്ജ്വലിക്കുന്ന അനേകം തീജ്വാലകള്‍ നിങ്ങള്‍ക്കവിടെ കാണാം. ഭക്ഷണം, ലൈംഗികത, സമ്പത്ത്, അധികാരം, പദവി തുടങ്ങിയവയ്ക്കായുള്ള നിങ്ങളുടെ ആഗ്രഹങ്ങളെയാണ് ആ തീജ്വാലകള്‍ പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നുകിട്ടിയാല്‍ നിങ്ങളുടെയുള്ളില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ആ തീനാളങ്ങള്‍ കെട്ടടങ്ങുമെന്നും അതുവഴി നിങ്ങള്‍ സംതൃപ്തരാകുമെന്നും നിങ്ങള്‍ കരുതുന്നുണ്ടായിരിക്കാം. യദാര്‍ത്ഥത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തല്‍ഫലമായി അവ കൂടുതല്‍ കൂടുതല്‍ ആളിക്കത്തിക്കൊണ്ടിരിക്കും. അതേസമയം നിങ്ങള്‍ അവയെ നിരീക്ഷിക്കുകയും അവയ്ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തുനോക്കൂ, അവ തനിയെ കെട്ടടങ്ങുന്നത് നിങ്ങള്‍ക്ക് കാണാം. അവ എരിഞ്ഞടങ്ങുമ്പോള്‍ അവയ്ക്കടിയില്‍ തെളിഞ്ഞുവരുന്ന സ്വന്തം ആത്മാവ് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. അവിടെ നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടുമുട്ടുന്നു. നിങ്ങളുടെ ആത്മാവിന്‍റെ വഴികളെ പിന്തുടരുക. ആത്യന്തികമായ ആനന്ദം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും'.
യുവാക്കള്‍ ആ വേശ്യയെ മറന്ന്‍ ബുദ്ധനൊപ്പം ചേര്‍ന്നു.
ബുദ്ധന്‍റെ വാക്കുകള്‍ ഏറെ മധുരതരമാണ്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് അവ നമ്മെ നയിക്കുന്നു.
നാമോരോരുത്തരും ബോധിസത്വന്മാരാണ്, ബുദ്ധനാകാന്‍ കെല്‍പുള്ളവര്‍,. ബുദ്ധനാകുക എന്നാല്‍ ബുദ്ധനെ പിന്തുടരുക എന്നല്ല അതിനര്‍ത്ഥം. പിന്തുടരുവാനായി അദ്ദേഹം നമുക്കുവേണ്ടി ഒരു സുവര്‍ണപാതയും വെട്ടിയൊരുക്കിവച്ചിട്ടില്ല. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ അങ്ങനെയാണ്. അവര്‍ ആകാശത്തിലെ പറവകള്‍ പോലെയാണ്. They fly leaving no traces behind...നമുക്ക് പിന്തുടരുവാന്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ കാലടിപ്പാടുകള്‍ തീര്‍ത്ത പാതകള്‍ ഒരുക്കിവച്ചിട്ടില്ല. സ്വന്തമായി വഴിവെട്ടിയൊതുക്കി മുന്നേറാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് ബുദ്ധന്‍ ചെയ്യുന്നത്. സ്വയം തീര്‍ത്ത പാതയിലൂടെ മുന്നേറി ലക്ഷ്യസ്ഥാനത്തെത്തുക. അപ്രകാരം നാമോരോരുത്തരും ബുദ്ധന്മാരായിത്തീരുക.
ബുദ്ധന്‍ എന്നതൊരു വ്യക്തിയല്ല, അതൊരു ഗുണവിശേഷമാകുന്നു.
ഓം മണിപദ്മേ ഹൂം.